വാഹനം വാങ്ങുമ്പോൾ പവറും ടോർക്കും തമ്മിലുള്ള വ്യത്യാസം അറിയണോ ?

Poly diploma courses
February 24, 2020
2 wheel drive Forklift for heavy duty…
March 2, 2020
Show all

വാഹനം വാങ്ങുമ്പോൾ പവറും ടോർക്കും തമ്മിലുള്ള വ്യത്യാസം അറിയണോ ?

വാഹനങ്ങളെ വർണ്ണിക്കുമ്പോഴും അവയുടെ ക്ഷമതകളെപ്പറ്റി വാചാലരാവുമ്പോഴുമെല്ലാം നാം അനേകവട്ടം ഉരുവിടുന്നതാണ്‌ ഈ രണ്ടു പദങ്ങളും.  അതുകൊണ്ടു തന്നെ ഇവയുടെ യഥാർത്ഥ അർത്ഥത്തെയും പ്രായോഗികതലങ്ങളിലുള്ള മഹത്വത്തെയും കുറിച്ച് ഗ്രാഹ്യമുണ്ടായാൽ വാഹനങ്ങളെ കൂടുതൽ ആഴത്തിൽ മനസിലാക്കുവാനും സ്വന്തം താത്പര്യങ്ങൾക്ക് / ആവശ്യങ്ങൾക്ക് അനുസൃതമായി വാഹനം തിരഞ്ഞെടുക്കുവാനും നമുക്കാവും.പവറിനെയും ടോർക്കിനെയും പറ്റി യാതൊരു ധാരണയും ഇല്ലാത്തവരോടായി പറഞ്ഞു തുടങ്ങാം.  ഒരു വാഹനത്തിന്റെ എൻജിന്റെ ക്ഷമതയുടെ അളവുകോലുകളാണ്‌ ഇവ രണ്ടും.  ഇവയെ ആഴത്തിൽ അറിയുന്നതിനു മുൻപ് നമുക്ക് ഒരു വാഹനത്തിന്റെ എൻജിനിൽ എന്താണ്‌ സംഭവിക്കുന്നത് എന്നു നോക്കാം.

സിലിണ്ടറുകൾക്കുള്ളിൽ ഇന്ധനത്തെ ജ്വലിപ്പിച്ചാണ്‌ ഓരോ എൻജിനും പ്രവർത്തിക്കുന്നത്.  ജ്വലനത്തിൽ നിന്നും ലഭിക്കുന്ന ഊർജ്ജത്തിന്റെ ഒരു ഭാഗം ഉപയോഗപ്രദമായ ‘ജോലി ചെയ്യുവാൻ’ അഥവാ എൻജിൻ പ്രവർത്തിക്കുവാനായി ഉപയോഗിക്കുന്നു. നിശ്ചലാവസ്ഥയിൽ ഇരിക്കുന്ന സിലിണ്ടറുകളും അവയ്ക്കുള്ളിൽ ദ്രുതഗതിയിൽ ചലിക്കുന്ന പിസ്റ്റണുകളും അടങ്ങുന്നതാണ്‌ ഓരോ എൻജിനും. സിലിണ്ടറുകൾക്കുള്ളിലെ വിസ്ഫോടനങ്ങൾ പിസ്റ്റണുകളെ ചലിപ്പിക്കുകയും,  ഇവ സമീപത്തായുള്ള ക്രാങ്ക്‌ഷാഫ്റ്റിനെ കറക്കുകയും ചെയ്യുന്നു. ഈ ക്രാങ്ക്‌ഷാഫ്റ്റുമായി ഘടിപ്പിച്ച ഫ്ലൈവീലിലൂടെയും ശേഷം ഗിയറുകൾ മുഖേനയും പ്രസ്തുത ബലം വാഹനത്തിന്റെ വീലുകളിലേക്ക് എത്തുകയും അവ ചലിക്കുകയും ചെയ്യുന്നു. ഇതാണ്‌ ഓരോ എൻജിന്റെയും അടിസ്ഥാന പ്രവർത്തന തത്വം.

 

ജോലി ചെയ്യുവാനുള്ള ഒരു വസ്തുവിന്റെ ക്ഷമതയെ ആണ്‌ നാം ഊർജ്ജം എന്നു പറയുക.  ഏതൊരു പ്രവൃത്തി ചെയ്യുമ്പോഴും തക്കതായ അളവിൽ ഊർജ്ജം ചിലവാകുന്നുണ്ട്.  ഉദാഹരണമായി നിങ്ങൾ കിണറ്റിൽ നിന്നും ഒരു തൊട്ടി വെള്ളം കോരുന്നതായി സങ്കല്പ്പിക്കുക. വെള്ളം ശേഖരിക്കുവാനായി നിങ്ങൾ അവിടെ ചിലവാക്കുന്നത് നിങ്ങളുടെ ശാരീരികോർജ്ജമാണ്‌. ഒരു തരത്തിൽ പറഞ്ഞാൽ ചെയ്യുന്ന പ്രവൃത്തിയും ചിലവിടുന്ന ഊർജ്ജവും ഒന്നാണെന്നു പറയാം.
ഇനി നമുക്ക് മടങ്ങിവരാം. പവറും ടോർക്കുമാണല്ലോ ഇവിടുത്തെ ചർച്ചാവിഷയം. പവറിൽ നിന്നു തന്നെ തുടങ്ങാം.  ഊർജ്ജം ചിലവാക്കുന്നതിന്റെ അല്ലെങ്കിൽ ജോലി ചെയ്യുന്നതിന്റെ തോതിനെ കുറിക്കുന്ന ഒന്നാണ്‌ പവർ അഥവാ കരുത്ത്. നിശ്ചിത സമയത്തിനുള്ളിൽ എത്ര ഊർജ്ജം ചിലവാക്കി എന്ന് കണ്ടെത്തുന്നതിലൂടെ ഒരു വസ്തുവിന്റെ പവർ നിർണ്ണയിക്കാം. അതായത് ഒരു ഉപകരണം പ്രവർത്തിക്കുന്നതിന്റെയോ ഊർജ്ജം ചിലവിടുന്നതിന്റെയോ നിരക്കിനെ പവറെന്നു വിളിക്കാം എന്നു ചുരുക്കം. കൂടുതൽ അളവിൽ/ വേഗത്തിൽ ജോലി ചെയ്യുവാൻ കൂടുതൽ ഊർജ്ജം ചിലവിടേണ്ടതായുണ്ട്, അല്ലെങ്കിൽ കൂടുതൽ പവർ ആവശ്യമായുണ്ട്.
ഒരു നിശ്ചിത അച്ചുതണ്ടിൽ ഒരു വസ്തുവിന്റെ കറക്കുവാൻ പ്രയോഗിക്കുന്ന ബലത്തെയാണ്‌ ടോർക്ക് എന്നു വിളിക്കുക. സ്ക്രൂ ഡ്രൈവർ ഉപയോഗിക്കുമ്പോഴും സ്റ്റീയറിംഗ് തിരിക്കുമ്പോഴുമൊക്കെ നാം ടോർക്കിനെ തന്നെയാണ്‌ ഉപയോഗപ്പെടുത്തുന്നത്.

 

വാഹന എൻജിനുകളിൽ ഇന്ധനത്തിലെ കെമിക്കൽ ഊർജ്ജത്തെ താപോർജ്ജമായും ശേഷം മെക്കാനിക്കൽ ഊർജ്ജമായും പിന്നീട്‌ ഇതിനെ പ്രവർത്തനശക്തിയായുമാണ്‌ രൂപമാറ്റം വരുത്തുന്നത്. സിലിണ്ടറിനുള്ളിൽ ഓരോ വിസ്ഫോടനത്തിനും ശേഷം പിസ്റ്റണിനെ താഴേക്കു ചലിപ്പിക്കുകയും അതിലൂടെ ക്രാങ്ക്‌ഷാഫ്റ്റിനെ തിരിച്ച് ഫ്ലൈവീലിനെ കറക്കുകയും ചെയ്യുന്ന ബലത്തെ നമുക്ക് ടോർക്ക് എന്നു വിളിക്കാം. എൻജിൻ തന്റെ ജോലി ചെയ്യുന്ന നിരക്കിനെ പവർ എന്നും നിർവ്വചിക്കാം. എൻജിന്റെ പവർ (അഥവാ ഹോഴ്സ്‌പവർ) കണക്കാക്കുക ടോർക്കിനെ ആകെ ആർ പി എം (അഥവാ ഒരു മിനുറ്റിൽ ക്രാങ്ക്‌ഷാഫ്റ്റ് എത്ര വട്ടം കറങ്ങുന്നു എന്ന കണക്ക്) കൊണ്ടു ഗുണിച്ചാണ്‌.

ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ ഇന്ധനവും വായുവും ചേർന്ന മിശ്രിതം ജ്വലിക്കുമ്പോൾ ആകെ ഉത്പാദിപ്പിക്കപ്പെടുന്ന ബലമാണ്‌ ടോർക്ക്. ന്യൂട്ടൺ മീറ്റർ ആണ്‌ ടോർക്കിന്റെ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്ന ഏകകം. എത്ര വേഗത്തിൽ പ്രസ്തുത ടോർക്ക് ഉത്പാദിപ്പിക്കുവാനാകും എന്നതിന്റെ അളവുകോലാണ്‌ പവർ.

കൂടുതൽ അറിയാൻ: https://www.skooltek.in/technical-courses/

Comments are closed.