മൂവായിരം രൂപയോളമാണ് സാധാരണ കാറുകളില്‍ എഞ്ചിന്‍ ഓയില്‍ മാറ്റാന്‍ ചിലവാകാറ്. ഇനി ആഢംബര കാറാണെങ്കില്‍ പതിനായിരം രൂപയോളം ഉടമയ്ക്ക് മുടക്കേണ്ടതായി വരും. കാറുകളുടെ എഞ്ചിന്‍ ശേഷി കൂടുന്തോറും പരിപാലന ചിലവുകള്‍ ഉയരും. എന്നാല്‍ 8.0 ലിറ്റര്‍ എഞ്ചിനുള്ള ബുഗാട്ടി വെയ്‌വെയ്റോണില്‍ ഓയില്‍ മാറ്റാന്‍ എന്തുചിലവു വരും?
പറഞ്ഞുവരുന്നത് ലോകത്തിലെ ഏറ്റവും വേഗതയേറിയ പ്രൊഡക്ഷന്‍ കാറെന്ന് ഒരിക്കല്‍ അറിയപ്പെട്ട ബുഗാട്ടി വെയ്‌റോണിനെ കുറിച്ച്. ഇറ്റാലിയന്‍ ഹൈപ്പര്‍കാറിന് ഒന്നോ, രണ്ടോ ലക്ഷം രൂപ ചിലവുവരുമെന്ന് ഊഹിക്കാന്‍ വരട്ടെ. വെയ്‌റോണില്‍ എഞ്ചിന്‍ ഓയില്‍ മാറ്റാന്‍ 21,000 ഡോളറാണ് ചിലവ്. ഇന്ത്യയിലാണെങ്കില്‍ 15 ലക്ഷം രൂപ! അതായത് ഷോറൂമില്‍ നിന്നും പുത്തന്‍ ടാറ്റ ഹെക്‌സ വാങ്ങുന്ന പൈസ വേണം ബുഗാട്ടി വെയ്‌റോണിന്റെ ഓയില്‍ മാറ്റാന്‍.
ചിലവിന് പിന്നിലെ കാരണം 27 മണിക്കൂറെടുക്കും വെയ്‌റോണിന്റെ എഞ്ചിന്‍ ഓയില്‍ മാറ്റാന്‍. കാരണം വ്യത്യസ്തതരം 16 ഡ്രെയിന്‍ പ്ലഗുകളുള്ള ‘ഡ്രൈ സംപ്’ (Dry-Sump) ഓയിലിങ് സംവിധാനമാണ് വെയ്‌റോണ്‍ ഉപയോഗിക്കുന്നത്. കാറിനടിയിലെ ഘടനകള്‍ ഊരിമാറ്റിയാല്‍ മാത്രമെ ഡ്രെയിന്‍ പ്ലഗുകളില്‍ കടന്നുചെല്ലാന്‍ മെക്കാനിക്കിന് കഴിയുകയുള്ളു. ഇതിന് വേണ്ടി പിന്നിലെ ബോഡി ഘടനകളും അഴിച്ചുമാറ്റേണ്ടതായുണ്ട്.
എഞ്ചിന്‍ ഓയില്‍ ഊറ്റിക്കളയാന്‍ ഡ്രെയിന്‍ പ്ലഗുകള്‍ മുഴുവന്‍ ഊരിയാല്‍ മതി. കാറിനടിയില്‍ നിന്നും തന്നെ എയര്‍ ഫില്‍ട്ടറുകള്‍ മാറ്റിസ്ഥാപിക്കാം. വീണ്ടും പുതിയ എഞ്ചിന്‍ ഓയില്‍ നിറയ്ക്കുകയാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. ഫെന്‍ഡര്‍ ലൈനറുകളും പിന്നാമ്പുറവും ഇതിനുവേണ്ടിയാദ്യം അഴിച്ചുമാറ്റണം.
ഇതു ചില്ലറക്കാര്യമല്ല. 1200 bhp എഞ്ചിന്‍ കരുത്തിലും ബോഡി ഘടനകള്‍ ദൃഢതയോടെ ഉറച്ചുനില്‍ക്കാന്‍ എണ്ണമറ്റ ബോള്‍ട്ടുകളാണ് വെയ്‌റോണില്‍ കമ്പനി ഉപയോഗിക്കുന്നത്. കണ്ണെത്താത്ത ഇടങ്ങളില്‍ വരെ നട്ടുകളുടെയും ബോള്‍ട്ടുകളുടെയും ധാരാളിത്തമുണ്ടാകും. ഈ കടമ്പകളെല്ലാം കടന്നുവേണം ബുഗാട്ടി വെയ്‌റോണില്‍ മെക്കാനിക്കുകള്‍ക്ക് എഞ്ചിന്‍ ഓയില്‍ മാറ്റാന്‍. ഇതിനെല്ലാം കൂടി 15 ലക്ഷം രൂപ വാങ്ങുന്നത് അന്യായമാണെന്നു പറയാന്‍ പറ്റില്ല. 16 കോടി രൂപ വിലയിലാണ് ബുഗാട്ടി വെയ്‌റോണുകള്‍ വിപണിയില്‍ വില്‍പനയ്ക്ക് വന്നിരുന്നത്. അതായത് വിലയുടെ 1.4 ശതമാനത്തോളം മാത്രമെ എഞ്ചിന്‍ ഓയില്‍ മാറ്റാന്‍ വേണ്ടി വെയ്‌റോണ്‍ ഉടമ മുടക്കുന്നുള്ളു. വിലയെ അടിസ്ഥാനപ്പെടുത്തി സാധാരണ കാറുകള്‍ക്കും ഏകദേശം ഇത്ര തന്നെ ചിലവു വരുന്നുണ്ട്.
2015 ഫെബ്രുവരിയില്‍ വെയ്റോണിന്റെ അവസാന പ്രതിയെ ബുഗാട്ടി വിപണിയില്‍ വിറ്റു. ഇക്കാലയളവില്‍ 450 വെയ്റോണുകളാണ് വിപണിയില്‍ എത്തിയത്. ഹൈപ്പര്‍കാര്‍ യുഗം വെയ്‌റോണോടെ അവസാനിച്ചെന്ന് വാഹനലോകം കരുതിയിരുന്നപ്പോഴാണ് ഷിറോണുമായുള്ള ബുഗാട്ടിയുടെ വരവ്. ഇരുപതുകളില്‍ റേസ് ട്രാക്കുകളില്‍ ബുഗാട്ടിയുടെ വളയം പിടിച്ച ലൂയിസ് ഷിറോണിന്റെ സ്മരണാര്‍ത്ഥമാണ് ഹൈപ്പര്‍കാറിന് ഷിറോണെന്ന് കമ്പനി പേരിട്ടത്. ബുഗാട്ടി ഷിറോണിന്റെ മൈലേജ് ലോകത്തിലെ ഏറ്റവും കരുത്തന്‍ പ്രൊഡക്ഷന്‍ കാറാണ് ബുഗാട്ടി ഷിറോണ്‍. ഒരുക്കം 8.0 ലിറ്റര്‍ ക്വാഡ് ടര്‍ബ്ബോ W16 എഞ്ചിനില്‍. 1,479 bhp കരുത്തും 1,600 Nm torque ഉം ഷിറോണ്‍ എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. കേവലം രണ്ടര സെക്കന്‍ഡുകള്‍ കൊണ്ടു നൂറു കിലോമീറ്റര്‍ വേഗം കാര്‍ കൈവരിക്കും. പരമാവധി വേഗം മണിക്കൂറില്‍ 420 കിലോമീറ്ററും. ഇത്രയും കരുത്തുള്ള ഷിറോണിന് എന്തു മൈലേജുണ്ടാകും; ഈ സംശയം മിക്കവര്‍ക്കുമുണ്ട്. അമേരിക്കന്‍ പരിസ്ഥിതി സംരക്ഷണ ഏജന്‍സി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 4.67 കിലോമീറ്ററാണ് ഷിറോൺ നൽകുന്ന മൈലേജ്. ഇവിടെ മറ്റൊരു കാര്യം കൂടി പ്രത്യേകം പറയണം. ഷിറോണിന് നൂറു ലിറ്റര്‍ ഇന്ധനടാങ്ക് ശേഷിയുണ്ടെങ്കിലും 420 കിലോമീറ്റര്‍ വേഗം കൈവരിച്ചു ഒമ്പതു മിനിറ്റു പിന്നിടുന്ന പക്ഷം ഇന്ധനടാങ്ക് കാലിയാകും. ഉയര്‍ന്ന ഒക്ടേന്‍ അളവുള്ള ഇന്ധനമാണ് ഷിറോണില്‍ ഉപയോഗിക്കേണ്ടതും. അതേസമയം ബുഗാട്ടി വെയ്‌റോണിനെക്കാളും കൂടുതല്‍ മൈലേജ് ഷിറോണ്‍ കാഴ്ചവെക്കുന്നുണ്ടെന്ന കാര്യവും ശ്രദ്ധേയം.
To know more:https://www.skooltek.in/technical-courses/